ന്യൂഡൽഹി: ഐഎസ്ആർഒയിൽനിന്ന് കഴിഞ്ഞ ഏതാനും മാസങ്ങളിലായി നൂറിലധികം ശാസ്ത്രജ്ഞർ രാജിവച്ചെന്ന് റിപ്പോർട്ട്. ഇതിന്റെ പശ്ചാത്തലത്തിൽ ഗഗൻയാൻ പോലെയുള്ള ദേശീയ പ്രാധാന്യമുള്ള നിർണായക ദൗത്യങ്ങൾ തടസപ്പെടാതിരിക്കാൻ തിരക്കിട്ട നീക്കങ്ങളുമായി കേന്ദ്രസർക്കാർ.
ഇന്ത്യയുടെ നിർണായക ബഹിരാകാശ ദൗത്യങ്ങളിൽ പ്രവർത്തിക്കുന്ന എൻജിനിയർമാരുടെയും ശാസ്ത്രജ്ഞരുടെയും സ്വമേധയാ വിരമിക്കലും രാജിയും അനുവദിക്കില്ലെന്ന് ഐഎസ്ആർഒയിലെ പ്രധാന ബഹിരാകാശ ഗവേഷണ കേന്ദ്രങ്ങളെ ബഹിരാകാശ വകുപ്പ് അറിയിച്ചിട്ടുണ്ട്.
ഇന്ത്യൻ ബഹിരാകാശ ഗവേഷണകേന്ദ്രത്തിന്റെ വിവിധ സെന്ററുകളിൽനിന്നാണ് രാജി. വിഎസ്എസ്സി, യുആർഎസ് സി, ചന്ദ്രയാൻ-3 തുടങ്ങിയ ദൗത്യങ്ങളിൽ പ്രവർത്തിച്ചിരുന്ന ഐഎസ്ആർഒയുടെ ഏറ്റവും അനുഭവസമ്പത്തുള്ള നൂറിലധികം ശാസ്ത്രജ്ഞരാണ് ചുമതലയൊഴിഞ്ഞത്. ഇതോടെ രാജ്യത്തിന്റെ അഭിമാന സ്ഥാപനത്തിൽ കടുത്ത പ്രതിഭാ ദാരിദ്ര്യം വന്നതായി വിവിധ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. കടുത്ത ജോലിസമ്മർദവും സ്വകാര്യ ബഹിരാകാശ ഏജൻസികളിൽനിന്നുള്ള മോഹന വാഗ്ദാനങ്ങളുമാണ് കൂട്ടരാജിക്കു പിന്നിലെന്ന് സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകളുണ്ട്.
അതേസമയം, നൂറോളം മുൻനിര ശാസ്ത്രജ്ഞർ രാജിവച്ചതിനെച്ചൊല്ലിയുള്ള ആശങ്കകൾക്ക് അടിസ്ഥാനമില്ലെന്ന് കേന്ദ്ര ശാസ്ത്ര സാങ്കേതിക സഹമന്ത്രി (സ്വതന്ത്ര ചുമതല) ഡോ. ജിതേന്ദ്ര സിംഗ് പറഞ്ഞു.
ഈ രാജികൾ ഭരണപരമായ നടപടിക്രമങ്ങളുടെ ഭാഗം മാത്രമാണെന്നും ഐഎസ്ആർഒയിൽ മറ്റ് വലിയ പ്രശ്നങ്ങളൊന്നും നിലനിൽക്കുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ഈ വിഷയത്തിൽ യാതൊരുവിധ വിവാദവും ഇല്ലെന്നും മന്ത്രി കൂട്ടിച്ചേർത്തു.
ഈ മാസം 14നാണ് ബഹിരാകാശ വകുപ്പ് ജോയിന്റ് സെക്രട്ടറി രാജി അനുവദിക്കരുതെന്ന നിർദേശം നൽകിയിരിക്കുന്നത്. ശാസ്ത്രജ്ഞൻ, എൻജിനിയർ എന്നീ പദവികളിലുള്ളവരോ അതിന് താഴെയുള്ളവരോ ആയ ശാസ്ത്ര-സാങ്കേതിക ഉദ്യോഗസ്ഥരിൽനിന്ന് ലഭിക്കുന്ന അത്തരം അഭ്യർഥനകളെല്ലാം അന്തിമതീരുമാനത്തിനായി ഡയറക്ടർമാരുടെ വ്യക്തമായ ശിപാർശകളോടുകൂടി ബഹിരാകാശ വകുപ്പിലേക്ക് അയയ്ക്കണമെന്നാണ് കേന്ദ്രത്തിന്റെ നിർദേശം.